
ഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥ്. രാജ്യവ്യാപകമായി ഭാരത് ജോഡോ യാത്ര നയിച്ചതിന് രാഹുൽ ഗാന്ധിയെ കമൽനാഥ് അഭിനന്ദിച്ചു.
രാഹുൽ നടത്തുന്നത് അധികാരത്തിന് വേണ്ടിയുള്ള രാഷ്ട്രീയമല്ലെന്നും രാജ്യത്തെ സാധാരണ ജനങ്ങൾക്ക് വേണ്ടിയാണെന്നും പി.ടി.ഐക്ക് നൽകിയ ഇ മെയിൽ ഇന്റർവ്യൂവിൽ കമൽനാഥ് പറഞ്ഞു.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന്റെ മുഖം മാത്രമായിരിക്കില്ല, പ്രധാനമന്ത്രി സ്ഥാനാർഥി കൂടി ആയിരിക്കും. ലോക ചരിത്രത്തിൽ ഒരാളും ഇത്ര വലിയ പദയാത്ര നയിച്ചിട്ടില്ല. ഗാന്ധി കുടുംബമല്ലാതെ മറ്റൊരു കുടുംബവും രാജ്യത്തിനായി ഇത്രയധികം ത്യാഗങ്ങൾ സഹിച്ചിട്ടില്ലെന്നും കമൽനാഥ് വ്യക്തമാക്കി.