
ന്യൂഡൽഹി: ഡൽഹി ഇന്ന് മെയർ തെരഞ്ഞെടുപ്പിലേക്ക്. ആംആദ്മി പാർട്ടിയും ബിജെപിയുമാണ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ആം ആദ്മി പാർട്ടിയേയോ ബിജെപിയേയോ പിന്തുണയ്ക്കേണ്ടതില്ലെന്ന് ഡൽഹി ഘടകം ഐകകണ്ഠ്യേന തീരുമാനിച്ചതിനാൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ആം ആദ്മി സ്ഥാനാർഥിയായി ഷെല്ലി ഒബ്റോയും ബി.ജെ.പി സ്ഥാനാർഥിയായി രേഖ ഗുപ്തയുമാണ് മത്സരിക്കുന്നത്. 250 അംഗ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ 134 പേരുടെ പിന്തുണയാണ് എഎപിക്ക് ഉള്ളത്. ബി.ജെ.പിക്ക് 104 ഉം കോൺഗ്രസിന് 9 ഉം കൗൺസിലർമാരുണ്ട്. ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരെയും ഇന്ന് തിരഞ്ഞെടുക്കും. 11 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും.
കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. ഫലം വിലയിരുത്താൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചുചേർത്ത യോഗത്തിന് ശേഷം ബിജെപിക്കും സാധ്യതയുണ്ടെന്നാണ് നേതാക്കൾ അവകാശപ്പെട്ടത്. അട്ടിമറി സാധ്യതകളില്ലെങ്കിൽ എഎപിക്ക് തന്നെയായിരിക്കും മേയർ സ്ഥാനം.