
ബെലഗാവി: കർണാടകയിൽ ശ്രീരാം സേന നേതാവിന് വെടിയേറ്റു. ശ്രീരാം സേന ബെലഗാവി ജില്ലാ പ്രസിഡന്റ് രവി കോകിട്കറിനാണ് വെടിയേറ്റത്. ബൈക്കിലെത്തിയ ഏതാനും പേരാണ് വെടിയുതിർത്തത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്.
കോകിട്കറിനെ ബെലഗാവിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. നിരവധി വർഷമായി കർണാടകയിലെ ശ്രീരാം സേനയുടെ പ്രധാനപ്പെട്ട നേതാവാണ് കോകിട്കർ.
ശ്രീരാം സേന തലവൻ പ്രമോദ് മുത്തലിക് ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത്തരം ആക്രമണങ്ങൾകൊണ്ടൊന്നും ഹിന്ദുത്വ പ്രവർത്തകർ ഭയപ്പെടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.