
15-ാമത് ഷാർജ ബിനാലെ ഫെബ്രുവരി ഏഴിന് ആരംഭിക്കും. നാലുമാസം നീണ്ടു നിൽക്കുന്ന ബിനാലെ യു.എ.ഇ.യുടെ സാംസ്കാരികചരിത്രം പുതുതലമുറയെ ഓർമിപ്പിക്കും വിധമാണ് സംഘടിപ്പിക്കുക. ഷാർജ ആർട്ട് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ബിനാലെയിൽ 70 രാജ്യങ്ങളിൽനിന്നുള്ള 150-ലധികം കലാകാരന്മാർ പങ്കെടുക്കും.
‘വർത്തമാനത്തിൽനിന്നുള്ള ചരിത്രാവലോകനം’ എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ വർഷത്തെ ബിനാലെയിൽ 300-ലധികം കലാസൃഷ്ടികളാണ് സന്ദർശകർക്കായി ഒരുക്കുക. ഷാർജയിലെ വിവിധയിടങ്ങളിലായി 18 വേദികളിൽ ബിനാലെ അവതരിപ്പിക്കും.സംഗീതവും പരമ്പരാഗത അറബ് കലാപ്രകടനങ്ങളുമുണ്ടാകും. കൂടാതെ വിദേശകലകളെ സ്വദേശികൾക്കും പ്രവാസികൾക്കും പരിചയപ്പെടുത്തും. ഷാർജയുടെ പൗരാണിക ചരിത്രവും സംസ്കാരവും തൊഴിൽസാഹചര്യങ്ങളും ബിനാലെയിൽ പ്രദർശിപ്പിക്കും.
70 പുതിയ സൃഷ്ടികള്‍ ഉള്‍പ്പെടെ മുന്നൂറിലധികം കലാസൃഷ്ടികള്‍ ബിനാലെയിലുണ്ടാകും. ഈ സൃഷ്ടികള്‍ക്കൊപ്പം വിവിധ കലാപരിപാടികള്‍ ഷാര്‍ജ എമിറേറ്റിലെ അഞ്ച് നഗരങ്ങളിലായി പതിനെട്ടിലധികം വേദികളില്‍ അരങ്ങേറും. ദ ഫ്ളൈയിങ് സോസര്‍, കല്‍ബ ഐസ് ഫാക്ടറിയും ഉള്‍പ്പെടെ ഫൗണ്ടേഷന് അടുത്തിടെ പുനഃരുജ്ജീവിപ്പിച്ച കെട്ടിടങ്ങള്‍, ഒരിക്കല്‍ പച്ചക്കറി മാര്‍ക്കറ്റ്, മെഡിക്കല്‍ ക്ലിനിക്ക്, കിന്റര്ഗാര്ട്ടന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങള്‍ തുടങ്ങിയ ചരിത്രപരമായ സ്ഥലങ്ങള്‍ വേദികളില്‍ ഉള്‍പ്പെടുന്നു.