
ശൈത്യതരംഗം വീണ്ടും ശക്തി പ്രാപിച്ചതോടെ ഉത്തരേന്ത്യയില്‍ ജനജീവിതം ദുസ്സഹമായി. ദില്ലി, പഞ്ചാബ്, രാജസ്ഥാന്, ബീഹാര്‍, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഒഡീഷ, എന്നിവിടങ്ങളില്‍ കടുത്ത മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ ഭാഗമായി പഞ്ചാബ് ഹരിയാന എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
രാജസ്ഥാനിലെ ചുരുവിൽ മൈനസ് 2.5 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില രേഖപ്പെടുത്തി. ദില്ലിയിൽ ഇന്ന് 3.2 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. പലയിടത്തും മൂടൽമഞ്ഞ് കനത്തതോടെ കാഴ്ചാപരിധി 200 മീറ്റർ വരെയായി ചുരുങ്ങി.
പുലര്‍ച്ചെയുള്ള മൂടല്‍ മഞ്ഞ് റോഡ് – റെയില്‍ – വ്യോമ ഗതാഗതങ്ങള്‍ താറുമാറാക്കി. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആറ് വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി. 20 ട്രെയിനുകള്‍ വൈകി ഓടുന്നതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു.17, 18 തിയതികളില്‍ മൂന്ന് ഡിഗ്രിയും അതില്‍ താഴേക്കും താപനില എത്താനാണ് സാധ്യത. ഈ മാസം പത്തൊമ്പത് വരെ അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.