
ബംഗളൂരു: സൈന്യം ഭാവിക്കുവേണ്ടി സജ്ജരായിരിക്കണമെന്നും റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽനിന്ന് സൈന്യം പാഠമുൾക്കൊള്ളണമെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ബംഗളൂരുവിൽ ഞായറാഴ്ച നടന്ന രാജ്യത്തിന്റെ എഴുപത്തഞ്ചാമത് കരസേന ദിന പരേഡിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പ് ഇന്ത്യ സംസാരിക്കുമ്പോൾ ആരുമത് ഗൗരവമായെടുത്തിരുന്നില്ലെന്നും എന്നാൽ, ഇന്ന് ലോകം ഇന്ത്യയെ ശ്രദ്ധയോടെ കേൾക്കുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യൻവിദ്യാർഥികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കളോട് സംസാരിച്ചതിനെ തുടർന്നുണ്ടായ റഷ്യയും യുക്രെയ്നും തമ്മിലെ വെടിനിർത്തൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.