
മുംബൈയില്‍ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും സമര്‍പ്പണവും തറക്കല്ലിടലും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വ്വഹിച്ചു. പ്രധാനമന്ത്രി സ്വനിധി യോജനയ്ക്ക് കീഴില്‍ ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്കുള്ള അംഗീകൃത വായ്പകള്‍ കൈമാറ്റം ചെയ്യുന്നതിനും പ്രധാനമന്ത്രി തുടക്കമിട്ടു.
മുംബൈ മെട്രോ റെയില്‍ ലൈനുകള്‍ 2എയും 7ഉം രാജ്യത്തിന് സമര്‍പ്പിക്കല്‍, ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിന്റെയും ഏഴ് മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ളുടെയും പുനര്‍വികസനത്തിനുള്ള തറക്കല്ലിടല്‍, 20 ഹിന്ദു ഹൃദയസാമ്രാട്ട് ബാലാസാഹെബ് താക്കറെ ആപ്ല ദവാഖാനകളുടെ ഉദ്ഘാടനം ചെയ്യല്‍, മുംബൈയിലെ ഏകദേശം 400 കിലോമീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് തുടക്കം കുറിയ്ക്കല്‍ എന്നിവ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
പദ്ധതികള്‍ മുംബൈയെ ഒരു മികച്ച മെട്രോപൊളിറ്റന്‍ ആക്കുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെ ഗുണഭോക്താക്കളെയും മുംബൈക്കാരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
”സ്വാതന്ത്ര്യത്തിന് ശേഷം തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യയ്ക്ക് ധൈര്യം ലഭിക്കുന്നത് ഇതാദ്യമായാണ്” പ്രധാനമന്ത്രിപറഞ്ഞു. ദാരിദ്ര്യം മാത്രം ചര്‍ച്ച ചെയ്യപ്പെടുകയും ലോകത്തില്‍ നിന്ന് സഹായം ലഭിക്കുക ഏക താല്പര്യവും മാത്രമായിരുന്ന ഇന്ത്യയിലെ പൂര്‍വ്വകാലഘട്ടത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തില്‍ ലോകം വിശ്വാസം പ്രകടിപ്പിക്കുന്ന ആദ്യ സന്ദര്‍ഭമാണിതെന്നും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.