0 Comments

 

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദന കത്തെഴുതാന്‍ നിര്‍ദ്ദേശം നല്‍കിയ പ്രൈവറ്റ് സ്കൂള്‍ അധിക‍ൃതരുടെ നടപടി വിവാദമാകുന്നു. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുട്ടികളെക്കൊണ്ട് എഴുതിച്ച് വാങ്ങിയ പോസ്റ്റുകാര്‍ഡുകള്‍ തിരികെ നല്‍കി തടിയൂരി സ്കൂള്‍ അധികൃതര്‍.അഹമ്മദാബാദിലെ ഗുജറാത്ത് സെക്കൻഡറി, ഉന്നത വിദ്യാഭ്യാസ ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓൾ ഗേൾസ് സ്കൂളായ ലിറ്റിൽ സ്റ്റാർ സ്കൂളിലാണ് സംഭവം.

‘അഭിനന്ദനങ്ങൾ, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സി‌എ‌എ (പൗരത്വ ഭേദഗതി നിയമം) നടപ്പാക്കിയതില്‍ അഭിനന്ദിക്കുന്നു. ഞാനും എന്റെ കുടുംബവും പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നു.’ എന്ന സന്ദേശം പോസ്റ്റ് കാര്‍ഡുകളില്‍ എഴുതി പ്രധാനമന്ത്രിയുടെ ഓഫീസ് അഡ്രസ് എഴുതി നല്‍കാനായിരുന്നു നിര്‍ദ്ദേശം. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളോടാണ് പോസ്റ്റ്കാർഡുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദന സന്ദേശമെഴുതാന്‍ അധ്യാപകര്‍ നിര്‍ദ്ദേശിച്ചത്. ‘പി‌എം‌ഒ, സൗത്ത് ബ്ലോക്ക് സെക്രട്ടേറിയറ്റ് കെട്ടിടം, റെയ്‌സീന ഹിൽസ്, ന്യൂഡൽഹി’ എന്ന വിലാസത്തിൽ സിഎഎ നടപ്പാക്കിയതില്‍ പിന്തുണയും അഭിന്നദനവും അറിയിച്ച് കത്തെഴുതാനാണ് കുട്ടികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതെന്ന് ഒരു രക്ഷിതാവ് പറഞ്ഞു.

എന്നാല്‍ ചില രക്ഷിതാക്കള്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. തങ്ങള്‍ക്ക് ഈ പ്രവര്‍ത്തിയോട് യോജിക്കാനാവില്ലെന്നും എന്താണ് സിഎഎ എന്ന് അറിയുക പോലുമില്ലാത്ത വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് ഇത്തരമൊരു കത്ത് എഴുതിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധവുമായി എത്തിയ രക്ഷിതാക്കള്‍ വ്യക്തമാക്കി. ഇതോടെ ഒരു ‘തെറ്റിദ്ധാരണ’ സംഭവിച്ചതാണെന്ന് പറഞ്ഞ് സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും എഴുതി വാങ്ങിയ പോസ്റ്റ് കാര്‍ഡുകള്‍ തിരികെ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!