ചെന്നൈ: കളിയിക്കാവിള ചെക് പോസ്റ്റ് ഡ്യൂട്ടിക്കിടെ വെടിയേറ്റ് കൊല്ലപ്പെട്ട എഎസ്ഐ വിൽസന്റെ കുടുംബത്തിന് ഒരുകോടി രൂപയുടെ സഹായധനം. തമിഴ്നാട് സര്‍ക്കാരാണ് ധനസഹായം പ്രഖ്യാപിച്ചത്. അതോടൊപ്പം കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി.
വെടിവച്ചും കുത്തിയുമാണ് എഎസ്ഐ വിൽസനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് . മൂന്നു വെടിയുണ്ടകള്‍ നെഞ്ചിലും ഒരെണ്ണം വയറിലും തുളച്ചുകയറി. വ്യക്തമായ ആസൂത്രണത്തോടോയാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം .
തീവ്രവാദം ബന്ധം സംശയിച്ച് പ്രതികളുമായി ബന്ധമുള്ളവരെ നേരത്തെ തമിഴ്നാട് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കാനാണ് കൊലപാതകമെന്നാണ് സംശയം. അതേസമയം പ്രതികളുമായി നേരിട്ട് ബന്ധമുള്ള മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .
മുഖ്യപ്രതികളായ അബ്ദുൽ ഷമീം, തഫീക്ക് എന്നിവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പൊലീസ് ഇറക്കിയിട്ടുണ്ട്. പ്രതികളെ സഹായിച്ചെന്ന് സംശയിക്കുന്ന കളിയിക്കാവിള സ്വദേശിയുടെ വിതുരയിലെ ഭാര്യവീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു.