സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് 52 കാരി. ബെംഗളൂരു ജീവൻഭീമാനഗറിൽ താമസിക്കുന്ന സീമ അഗർവാൾ എന്ന സ്ത്രീയാണ് രക്ഷപ്പെട്ടത്. വീടിനുള്ളിൽ വച്ചിരുന്ന സാംസങ് ഗാലക്സി എസ്7എഡ്ജ് ഫോൺ ആണ് പൊട്ടിത്തെറിച്ചത്.
ഫോൺ ഉപയോഗിച്ച് വീട്ടിൽ നിന്നും പുറത്തിറങ്ങി 15 സെക്കൻഡിനു ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് ഇവർ യുഎസിലുള്ള മകളെ വിവരമറിയിക്കുകയും ബെംഗളൂരുവിലുള്ള അവരുടെ സുഹൃത്തുക്കളുടെ സഹായം തേടുകയുമായിരുന്നു.
തുടർന്ന് വീടിനു സമീപത്തുള്ള സാംസങ് സർവ്വീസ് സെന്ററിനെ സമീപിച്ച് കാര്യം പറഞ്ഞെങ്കിലും അവർ കൈയ്യൊഴിയുകയായിരുന്നുവെന്നും കമ്പനി അധികൃതരുമായി ബന്ധപ്പെടാൻ അവനുവദിച്ചില്ലെന്നും സീമ അഗർവാൾ കൂട്ടിച്ചേർത്തു. പിന്നീട് കമ്പനി അധികൃതർക്ക് ഇവർ പരാതി നൽകി.
പരിശോധനയ്ക്കു ശേഷം പൊട്ടിത്തെറിച്ചത് ഫോണിന്റെ തകരാറുകൊണ്ടല്ലെന്നും മറ്റെന്തെങ്കിലും വസ്തുവിൽ നിന്നേറ്റ അമിത ചൂടാവാം പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നുമാണെന്നാണ് കമ്പനി അറിയിച്ചത്. എന്നാൽ കമ്പനി പൂർണ്ണമായി കൈയ്യൊഴിഞ്ഞതോടെ ഉപഭോക്തൃഫോറത്തിൽ പരാതി നൽകുമെന്നും സീമ അഗർവാൾ പറഞ്ഞു.