
ഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയ്ക്കായാണ് ചന്ദ്രശേഖർ ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഡൽഹി തീസ്ഹസാരി കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.
അസുഖബാധിതനായ ആസാദിനെ നേരത്തെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വേണ്ടി പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹം നേരത്തെ ചികിത്സ തേടിയ എയിംസിൽ തന്നെ ചികിത്സ നൽകണമെന്ന് ആസാദിന്റെ വക്കീൽ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ ആസാദ് തിഹാർ ജയിലിൽ റിമാൻഡിലാണ്. ഡിസംബർ 21-ന് ദില്ലി ജുമാ മസ്ജിദിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.