പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. പാർലമെന്റ് ഈ നിയമം പാസാക്കിയതു മുതൽ പ്രതിഷേധം ഉയര്‍ത്തിയ അനുരാഗ് കശ്യപ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുടുംബത്തെയുമാണ് വിമർശിച്ചത്.
ട്വിറ്ററിൽ പ്രതിഷേധിച്ച കശ്യപ്, മോദി വിദ്യാസമ്പന്നനാണെന്ന് തെളിയിക്കാൻ ആവശ്യപ്പെട്ടു. കൂടാതെ ‘എന്റയര്‍ പൊളിറ്റിക്കൽ സയൻസി’ല്‍ നേടിയെന്ന് പറയപ്പെടുന്ന ബിരുദത്തിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കാനും ആവശ്യപ്പെട്ടു.
മോദി തന്റെ ജനന സർട്ടിഫിക്കറ്റും പിതാവിന്റെയും കുടുംബാംഗങ്ങളുടെയും ജനന സര്‍ട്ടിഫിക്കറ്റുകളും രാജ്യത്തിന് മുന്നില്‍ തുറന്നു കാണിക്കണമെന്നും അതിനുശേഷം മാത്രമേ പൗരന്മാരിൽ നിന്ന് രേഖകള്‍ ചോദിക്കാവൂ എന്നും കശ്യപ് ആഞ്ഞടിച്ചു. സർക്കാരിനെ “ഊമ” എന്ന് വിശേഷിപ്പിച്ച അദ്ദേഹം സി.എ.എയെ നോട്ട് നിരോധനത്തോട് താരതമ്യപ്പെടുത്തുകയും ചെയ്തു.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്ലിം അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കാൻ സൗകര്യമൊരുക്കുന്നതാണ് ഡിസംബർ 11 ന് പാർലമെന്റ് പാസാക്കിയ പൗരഭേദഗതി നിയമം.