0 Comments

 

നീണ്ട 163 ദിവസങ്ങൾക്കു ശേഷം ജമ്മു കശ്മീരിൽ ഇൻ്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കുന്നു. ഇത് സംബന്ധിച്ച് ടെലികോം സേവനദാതാക്കൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇൻ്റർനെറ്റ് മൗലികാവകാശമാണെന്നും സേവനങ്ങൾ ഉടൻ പുനസ്ഥാപിക്കണമെന്നും സുപ്രിം കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് നടപടി.

ഈ മാസം പത്തിനാണ് കശ്മീരിലെ ഇൻ്റർനെറ്റ് നിയന്ത്രണങ്ങളുടെ പേരിൽ സുപ്രിം കോടതി കേന്ദ്രത്തെ വിമർശിച്ചത്. ഇൻ്റർനെറ്റ് സേവനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട കോടതി സുരക്ഷയ്ക്കൊപ്പം ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണെന്നും വ്യക്തമാക്കി.

ഇൻ്റർനെറ്റ് ആവിഷ്കാര സ്വാതന്ത്ര്യമാണെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ ലംഘനം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്. നിരോധനം പുനപരിശോധിക്കാനായി ഒരു സമിതിക്ക് രൂപം നൽകണം. ഓരോ ഏഴ് ദിവസം കൂടുമ്പോഴും നിയന്ത്രണങ്ങൾ അവലോകനം ചെയ്യണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിൽ ഇൻ്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയത്. കശ്മീരിൽ ഇൻ്റർനെറ്റ് ബന്ധം പുനസ്ഥാപിച്ചുവെന്നും സ്ഥിതിഗതികൾ സമാധാനപരമാണെന്നും നേരത്തെ കേന്ദ്ര സർക്കാർ അവകാശപ്പെട്ടുവെങ്കിലും അത് അടിസ്ഥാനരഹിതമാണെന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!