
ഗാസിയാബാദ്: ലോക്ഡൗൺ കാലത്ത് ജനങ്ങൾക്ക് അവശ്യവസ്തുക്കൾക്ക് വാങ്ങുന്നതിന് മാത്രമാണ് പുറത്തിറങ്ങാൻ അനുമതി. ഇത്തരത്തിൽ അവശ്യവസ്തുക്കൾ വാങ്ങാൻ പുറത്തിറങ്ങിയ യുവാവ് തിരിച്ചെത്തിയത് നവവധുവുമായാണ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വീട്ടില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങാന്‍ പോയ 26 വയസുകാരൻ ഗുഡുവാണ് വധു സവിതയെയുമായി വീട്ടിൽ എത്തിയത്. മകന്റെ രഹസ്യവിവാഹത്തില്‍ ഞെട്ടിയ അമ്മ, ഇയാളെയും ഭാര്യയെയും വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. മകനെക്കുറിച്ച് പരാതിയുമായി അമ്മ പൊലീസ് സ്റ്റേഷനിലെത്തി.
”ഞാന്‍ എന്റെ മകനെ അത്യാവശ്യസാധനങ്ങള്‍ വാങ്ങാന്‍ അയച്ചതാണ്. പക്ഷേ അവന് തിരിച്ചു വന്നപ്പോള്‍ അവന്റെ കൂടെ അവന്റെ ഭാര്യയുമുണ്ടായിരിന്നു. ഈ വിവാഹം അംഗീകരിക്കാന്‍ ഞാന്‍ തയ്യാറല്ല. ” – കരഞ്ഞു കൊണ്ട് അമ്മ പറഞ്ഞു. രണ്ട് മാസം മുമ്പ് ഹര്‍ദ്വാറിലുള്ള ആര്യസമാജത്തില്‍ വച്ചാണ് വിവാഹം നടന്നത്. ലോക്ക്ഡൗണ്‍ കഴിഞ്ഞ് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാത്തു നില്‍ക്കുകയായിരുന്നു ഇരുവരും.
”സാക്ഷികള്‍ ഇല്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. വീണ്ടും ഹരിദ്വാറില്‍ പോകാന്‍ തീരുമാനിച്ചെങ്കിലും ലോക്ക്ഡൗണ്‍ കാരണം കഴിഞ്ഞില്ല” – 26 കാരനായ ഗുഡ്ഡു പറഞ്ഞു.
ലോക്ക്ഡൗണ്‍ കാരണം ഗുഡ്ഡുവിന് ഭാര്യയെ വീട്ടിലേക്ക് കൂട്ടാനായിരുന്നില്ല. ഭാര്യ സവിതയെ ഡൽഹിയിലെ ഒരു വാടക വീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. വീട്ടുവാടക കൊടുക്കാനില്ലാതെ ഇറക്കി വിടുന്ന ഘട്ടത്തിൽ വീട്ടിലേക്ക് വിളിച്ച് കൊണ്ടു വരുകയായിരുന്നെന്നും യുവാവ് പറയുന്നു. ഗാസിയാബാദ് പോലീസ് വീട്ടുടമയെ വിളിച്ച് വാടക നൽകാൻ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.