
ന്യൂഡല്‍ഹി: ചിക്കന്റെ വിലയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു. പശ്ചിമബംഗാള്‍ സ്വദേശിയായ ഷിറാസാണ്(35) കൊല്ലപ്പെട്ടത്. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. മീന്‍ വില്‍പ്പനക്കാരനായ ഷിറാസ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ചിക്കന്‍ കച്ചവടവും ആരംഭിച്ചിരുന്നു. തന്റെ കുടിലിന് സമീപത്ത് ചെറിയൊരു ഉന്തുവണ്ടിയിലാണ് ഷിറാസ് ചിക്കൻ വിൽപന നടത്തിയിരുന്നത്.
ഷാ ആലം എന്നയാൾ ഷിറാസിനോട് ചിക്കന്റെ വിലയെക്കുറിച്ച് അന്വേഷിച്ചു. വില പറഞ്ഞപ്പോൾ മറ്റിടങ്ങളിൽ നിന്ന് വളരെ വില കൂട്ടിയാണ് ഷിറാസ് വിൽപന നടത്തുന്നതെന്ന് പ്രതി പറഞ്ഞു. പിന്നീട് ഇയാളുടെ മൂന്ന് സഹോദരങ്ങളും സ്ഥലത്തെത്തി. തുടര്‍ന്ന് നടന്ന തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ ഷിറാസ് കത്തിക്കുത്തേറ്റ് നിലയിലായിരുന്നുവെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ വിജയാനന്ദ ആര്യ പറഞ്ഞു. ഉടന്‍ തന്നെ മംഗോള്പുരിയിലുള്ള സഞ്ജയ് ഗാന്ധി ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി ഡിസിപി പറഞ്ഞു.