
ന്യൂഡല്‍ഹി: കൊവിഡ് 19 നും ലോക്ക് ഡൗണും കാരണം ഇന്ത്യയിലെ ദരിദ്രര്‍ അനുഭവിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ 65000 കോടി രൂപയുടെ പാക്കേജ് വേണ്ടിവരുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. രാഹുല്‍ ഗാന്ധിയുമായുള്ള ഫേസ്ബുക്ക് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്ക്ഡൗൺ നീട്ടുന്നത് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിക്ക് ഗുണം ചെയ്യില്ലെന്നും രഘുറാം രാജൻ പറഞ്ഞു. ലോക്ക്ഡൗൺ പിൻവലിക്കേണ്ടത് കൃത്യമായ ആസൂത്രണങ്ങളോടെ വേണമെന്നും അദ്ദേഹം പറഞ്ഞു.
“ഏറെ നാളത്തേക്ക് പാവപ്പെട്ടവരെ സംരക്ഷിക്കാനും അവർക്ക് ഭക്ഷണം നൽകാനുമുള്ള ത്രാണി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്കില്ല. ശ്രദ്ധിച്ചുവേണം ഇനിയുള്ള നടപടികൾ സ്വീകരിക്കാൻ. ലോക്ക്ഡൗൺ നീട്ടുന്നത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. കോവിഡ് പ്രതിസന്ധി മറികടന്ന ശേഷം കൃത്യമായ പദ്ധതികൾ വേണം. ആഗോള സമ്പദ്വ്യവസ്ഥയിൽ തന്നെ മാറ്റങ്ങൾ വരും. ഇതേക്കുറിച്ചെല്ലാം വിശദമായ ചർച്ചകൾ നടക്കണം. സംവാദങ്ങൾ വേണം. ലോക്ക്ഡൗൺ ആയതോടെ രാജ്യത്തെ നിരവധി പേർക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടു. ഒരുപാട് ആളുകൾക്ക് അവരുടെ ജോലി നഷ്ടപ്പെട്ടു,” രഘുറാം രാജൻ പറഞ്ഞു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണെന്നും ലോക്ക്ഡൗണിന് ശേഷം അത് കൂടുതൽ സങ്കീർണമാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.