
ന്യൂഡല്‍ഹി: മേയ് പകുതിയോടെ എയർ ഇന്ത്യ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. പൈലറ്റുമാരോടും ജീവനക്കാരോടും തയാറാകാൻ നിർദേശം നൽകിയതായി റിപ്പോർട്ട് ചെയ്തു. മേയ് പകുതിയോടെ 20- 30 ശതമാനം വരെ സർവീസുകൾ പുനരാരംഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.
നഗരപരിധിക്ക് പുറത്തുള്ള പൈലറ്റുമാരുടെയും ജീവനക്കാരുടെയും വിവരം ഉറപ്പു വരുത്താൻ എയർ ഇന്ത്യ ഓപ്പറേഷൻ സ്റ്റാഫുകൾക്കയച്ച കത്തിലാണ് ഇത് സംബന്ധിച്ച പരമാർശം ഉള്ളത്. ക്രൂവിന് ആവശ്യമായ ക്രമീകരണങ്ങളും കർഫ്യൂ പാസുകളും ഉറപ്പാക്കാൻ എയർ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറോടും (ഇഡി) ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ലോക്ഡൗണില്‍ കുടുങ്ങിയ പ്രവാസികളെ കൊണ്ടു വരുന്നതിന് തയാറായി നിൽക്കാൻ നേരത്തെ തന്നെ കേന്ദ്രസർക്കാർ എയർ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. പ്രവാസികളെ രണ്ടു ഘട്ടമായി മടക്കിക്കൊണ്ടു വരാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഗള്‍ഫ്, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് ആദ്യഘട്ടത്തിൽ കൊണ്ടുവരുക.