0 Comments

ലഡാക്ക് ഓട്ടോണോമസ് ഹില്‍ ഡവലപ്പ്മെന്‍റ് കൌണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയില്‍ കൂട്ടരാജി. രണ്ട് മുന്‍ കൌണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ മുന്നൂറോളം പേരാണ് രാജിവെച്ചത്. രാജിവെച്ചവരില്‍ ലേയിലെ ബിജെപിയുടെ വൈസ് പ്രസിഡന്‍റ് സോനം പോഞ്ചുക് വാന്‍ലയുമുണ്ട്.

മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി പുതുമുഖങ്ങള്‍ക്ക് സീറ്റ് നല്‍കിയെന്നാണ് രാജി വെച്ചവരുടെ പരാതി. ബിജെപിക്കൊപ്പം പ്രവര്‍ത്തിച്ചതില്‍ അഭിമാനവും സംതൃപ്തിയുമുണ്ടെന്നും നിലവില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി യോജിച്ച് പോകാനാവില്ലെന്നും സോനം പോഞ്ചുക് രാജിക്കത്തില്‍ വ്യക്തമാക്കി. മന്‍സൂര്‍ ഹുസൈന്‍, മുംതാസ് ഹുസൈന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും രാജിവെച്ചു. പല സീറ്റുകളിലും അര്‍ഹതയുള്ളവരെയല്ല സ്ഥാനാര്‍ഥികളാക്കിയതെന്നും പാര്‍ട്ടി പക്ഷപാതം കാണിച്ചെന്നും രാജിവെച്ചവര്‍ പറയുന്നു.

കൌണ്‍സിലറായിരുന്ന ടെറിങ് അംഗ്ദസ് ആണ് ആദ്യം രാജിവെച്ചത്. പിന്നാലെ ലോബാങ് ന്യാന്തക് എന്ന കൌണ്‍സിലറും രാജിവെച്ചു. നോമിനേറ്റഡ് കൌണ്‍സിലറായ സ്യേദ ലഡാഖിയും രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു.

26 സീറ്റുകളിലേക്ക് ഒക്ടോബര്‍ 16നാണ് തെരഞ്ഞെടുപ്പ്. നാല് നോമിനേറ്റഡ് അംഗങ്ങള്‍ ഉള്‍പ്പെടെ 30 പേരടങ്ങുന്ന കൌണ്‍സിലില്‍ നിലവില്‍ ബിജെപിക്ക് 18 കൌണ്‍സിലര്‍മാരാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!