0 Comments

മാതാപിതാക്കള്‍ പെണ്‍മക്കളില്‍ നല്ല മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുകയാണെങ്കില്‍ ഹാഥ്‌റസ് സംഭവങ്ങള്‍ ഇല്ലാതാകുമെന്ന ബിജെപി എം.എല്‍.എ സുരേന്ദ്ര സിങിന്‍റെ പ്രസ്താവനയ്ക്കെതിരെ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസിന്‍റെ വൃത്തികെട്ട പുരുഷമേധാവിത്വ ചിന്തയാണ് ഇതെന്നും, പുരുഷന്മാര്‍ ബലാത്സംഗം ചെയ്യും, പക്ഷേ, സ്ത്രീകള്‍ മൂല്യം പഠിക്കണമെന്നും- ആയിരുന്നു രാഹുലിന്‍റെ ട്വീറ്റ്. സുരേന്ദ്ര സിങിന്‍റെ പ്രസ്താവനയുടെ വാര്‍ത്ത ഷെയര്‍ ചെയ്തായിരുന്നു രാഹുലിന്‍റെ ട്വീറ്റ് ഷെയര്‍ ചെയ്തത്.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാനോ സ്ത്രീസുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാനോ യോഗി സര്‍ക്കാര്‍ തയ്യാറാകാത്തതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് പെണ്‍കുട്ടികളെയും മാതാപിതാക്കളെയും കുറ്റപ്പെടുത്തി എംഎല്‍എ രംഗത്തുവന്നിരുന്നത്. “എല്ലാ മാതാപിതാക്കളും പെണ്‍മക്കളെ മൂല്യങ്ങള്‍ പകര്‍ന്നുനല്‍കി സംസ്കാരമുള്ളവരായി വളര്‍ത്തണം. ഞാന്‍ എം.എല്‍.എ മാത്രമല്ല, അധ്യാപകനുമാണ്. സംസ്കാരം കൊണ്ടു മാത്രമേ പീഡനങ്ങള്‍ അവസാനിപ്പിക്കാനാവൂ. നല്ല ഭരണം കൊണ്ടോ ആയുധം കൊണ്ടോ സാധ്യമല്ലത്. സര്‍ക്കാരിന് കടമയുണ്ട്. അതോടൊപ്പം കുടുംബവും ഉത്തരവാദിത്വം നിര്‍വഹിക്കണം. സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുള്ളതുപോലെ തന്നെ പെണ്‍മക്കളില്‍ മൂല്യങ്ങള്‍ വളര്‍ത്താന്‍ കുടുംബവും ശ്രദ്ധിക്കണം. നല്ല ഭരണവും സംസ്കാരവും രാജ്യത്തെ സുന്ദരമാക്കും. അല്ലാതെ വേറെ വഴിയില്ല”. എന്നായിരുന്നു സുരേന്ദ്രസിങിന്‍റെ പരാമര്‍ശം.

നട്ടെല്ല് തകര്‍ന്ന് നാവ് അറുക്കപ്പെട്ട് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തിലാണ് ബിജെപി എംഎല്‍എയുടെ ഈ പരാമര്‍ശം. രാമരാജ്യം എന്ന് അവകാശപ്പെടുന്നിടത്ത് എന്തുകൊണ്ടാണ് ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്നത് എന്ന ചോദ്യത്തോടാണ് എം.എല്‍.എയുടെ ക്രൂരമായ ഈ പ്രതികരണം. യുപിയിലെ ഭല്ലിയയില്‍ നിന്നുള്ള എംഎല്‍എയാണ് സുരേന്ദ്ര സിങ്.

സുരേന്ദ്ര സിങ് ഇതിന് മുന്‍പും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഗാന്ധിജിയെ വധിച്ച ഗോഡ്സെ തീവ്രവാദിയല്ലെന്നും അദ്ദേഹത്തിന് ഒരു തെറ്റ് പറ്റിയതാണെന്നുമായിരുന്നു സുരേന്ദ്ര സിങിന്‍റെ ന്യായീകരണം. ഇന്ത്യാവിഭജന സമയത്ത് തന്നെ രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നുവെന്നും സുരേന്ദ്ര സിങ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!