0 Comments

പശ്ചിമ ബംഗാളിലെ തിതാഗഡില്‍ ബിജെപി നേതാവ് മനീഷ് ശുക്ല കൊല്ലപ്പെട്ടു. തിതാഗഡ് മുന്‍സിപ്പാലിറ്റിയിലെ കൌണ്‍സിലറും ബിജെപി ജില്ലാ കമ്മറ്റി അംഗവുമാണ് മനീഷ് ശുക്ല. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഡിജിപിയെയും ആഭ്യന്തര സെക്രട്ടറിയെയും പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധാന്‍കര്‍ രാജ് ഭവനിലേക്ക് വിളിപ്പിച്ചു. ഇന്ന് രാവിലെ 10 മണിക്ക് രാജ് ഭവനിലെത്തി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന് ഗവര്‍ണര്‍ ട്വീറ്റില്‍ കുറ്റപ്പെടുത്തി. ഇതാണ് തിതാഗഡ് കൌണ്‍സിലറുടെ കൊലയിലേക്ക് നയിച്ചത്. ഈ സാഹചര്യത്തിലാണ് ഡിജിപിയെയും അഡീഷണല്‍ ചീഫ് സെക്രട്ടറിയെയും വിളിപ്പിച്ചതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

മനീഷ് ശുക്ലയെ ഇന്നലെ വൈകീട്ട് മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊല്ലുകയായിരുന്നു. തിതാഗഡില്‍ പൊലീസ് സ്റ്റേഷന് സമീപം പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിച്ചുനില്‍ക്കുമ്പോഴായിരുന്നു സംഭവം. ഉടന്‍ തന്നെ ബരാക്പോരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലയ്ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ബരാക്പോരില്‍ ബിജെപി ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തു.

“പൊലീസ് സ്റ്റേഷന് മുന്‍പിലാണ് മനീഷ് ശുക്ല ആക്രമിക്കപ്പെട്ടത്. ബരാക്പോര്‍ എംപി അര്‍ജുന്‍സിങിന്‍റെ അടുത്ത അനുയായിയാണ് മനീഷ് ശുക്ല. തന്‍റെയും കൂടെയുള്ളവരുടെയും ജീവന്‍ അപകടത്തിലാണെന്ന് എംപി നേരത്തെ പറഞ്ഞിരുന്നു. ഉന്മൂലന രാഷ്ട്രീയം കളിക്കുന്ന മമത ബാനര്‍ജിയോട് ജനം ക്ഷമിക്കില്ല. സംസ്ഥാന പൊലീസില്‍ വിശ്വാസമില്ല. സിബിഐ അന്വേഷണം വേണം”- ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ പറഞ്ഞു.

എന്നാല്‍ ബിജെപിയുടെ ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചു. ബിജെപിക്കുളളിലെ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് 2019ലാണ് മനീഷ് ശുക്ല ബിജെപിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!