0 Comments

ഹാഥ്റാസില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതിന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ കേസ്. നിരോധനാജ്ഞ ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ് ചന്ദ്രശേഖര്‍ ആസാദിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. മറ്റ് 400 പേര്‍ക്കെതിരെയും യു.പി പൊലീസ് കേസെടുത്തിട്ടുണ്ട്. ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ചന്ദ്രശേഖര്‍ ആസാദും അനുയായികളും എത്തിയത്. നേരത്തെ പെണ്‍കുട്ടിക്ക് നീതിതേടി പ്രതിഷേധം സംഘടിപ്പിച്ചതിന് ചന്ദ്രശേഖര്‍ ആസാദിനെ വീട്ടുതടങ്കലിലാക്കിയിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ ഹാഥ്റാസിലെത്തിയ ചന്ദ്രശേഖര്‍ ആസാദിനെ രാവിലെ പൊലീസ് തടഞ്ഞിരുന്നു. 11 മണിയോടെ ഹാഥ്റാസ് പെണ്‍കുട്ടിയുടെ വീട്ടിലെത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വഴിയില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് കാലനടയായാണ് ആസാദും സംഘവും വീട്ടിലെത്തിയത്. യുവതിയുടെ അമ്മയെ ചന്ദ്രശേഖര്‍ ആസാദ് ചേര്‍ത്തുനിര്‍ത്തി പരാതികള്‍ കേട്ടു. യുവതിയുടെ കുടുംബത്തെ കണ്ടതിന് ശേഷം, കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കണമെന്ന് ഭീം ആര്‍മി ചീഫ് ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ സുരക്ഷ നല്‍കിയില്ലെങ്കില്‍ കുടുംബത്തെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുമെന്നും കേസന്വേഷണം സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും ആസാദ് ഇന്നലെ പറഞ്ഞിരുന്നു. ഹാഥ്റാസ് ബലാത്സംഗക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.പി സര്‍ക്കാരും മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ചന്ദ്രശേഖര്‍ ആസാദ് നേരത്തെ ഇന്ത്യാ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

ഹാഥ്റസില്‍ കഴിഞ്ഞ സെപ്തംബര്‍ 14നാണ് 19 വയസ്സുള്ള ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചത്. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ന്നിരുന്നു. കുട്ടിയുടെ നാവ് അക്രമികള്‍ മുറിച്ചെടുത്തു. ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം വീട്ടുകാരറിയാതെ കത്തിച്ചുകളഞ്ഞതിനെതിരെ നേരത്തെ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!