
ന്യൂഡൽഹി : ഫ്രാൻസിൽ നിന്ന് മൂന്ന് റഫാൽ യുദ്ധവിമാനങ്ങളുടെ പുതിയ ബാച്ച് ഇന്ന് രാത്രിയോടെ ഇന്ത്യയിലെത്തും. ഗുജറാത്തിലെ ജാംനഗർ എയർബേസിലാണ് വിമാനങ്ങൾ നേരിട്ട് എത്തുക. തുടർന്ന് അംബാല വ്യോമത്താവളത്തിലേക്കെത്തിക്കും. വിമാനങ്ങളെ നാളെയായിരിക്കും അംബാലയിൽ വിന്യസിക്കുക എന്നാണ് സൂചന.ഇതുവരെ പത്ത് റഫാൽ വിമാനങ്ങളാണ് ഇന്ത്യയ്ക്ക് നൽകിയിരിക്കുന്നത്. ഇതിൽ അഞ്ച് റഫാലുകൾ ചേർന്ന ആദ്യ ബാച്ച് ജൂലായ് 29നാണ് ഇന്ത്യയിലെത്തിയത്.
സെപ്റ്റംബർ പത്തിന് ഇവയെ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാക്കി. മറ്റ് അഞ്ചെണ്ണം റഫാലിന്റെ പൈലറ്റുകൾക്ക് പരിശീലത്തിനായി ഫ്രാൻസിലാണുള്ളത്.
മുപ്പത്തിയാറ് റഫാൽ വിമാനങ്ങൾക്കാണ് ഇന്ത്യ ഫ്രാൻസിന് കരാർ നൽകിയത്. ഫ്രാൻസിൽ നിന്നും പുറപ്പെട്ട മൂന്ന് വിമാനങ്ങളും ഇടയ്ക്ക് എവിടെയും നിർത്താതെയാണ് ഇന്ത്യയിൽ ലാൻഡ് ചെയ്യുന്നത്. എട്ട് മണിക്കൂർ നിർത്താതെയുള്ള പറക്കലിന് ശേഷമാണ് വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിൽ പ്രവേശിക്കുന്നത്.