
ന്യൂഡൽഹി: പി.എം കെയേര്‍സ് ഫണ്ടിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനായി സമർപ്പിച്ച വിവരാവകാശ അപേക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് തള്ളിയിരിക്കുന്നു. പി.എം.കെയേര്‍സ് ഫണ്ടില്‍ പൊതു അവകാശമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആര്.ടി.ഐ അപേക്ഷ തള്ളിയതെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.
ബംഗളൂരുവില്‍ നിന്നുള്ള ഒരു നിയമവിദ്യാര്‍ഥിയാണ് പി.എം കെയര്‍സ് ഫണ്ടിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരിക്കുന്നത്. ‘2005ലെ വിവരാവകാശ നിയമത്തിന്റെ രണ്ട്(എച്ച്) വകുപ്പ് പ്രകാരമുള്ള പൊതു അവകാശം പി.എം കെയര്‍സ് ഫണ്ടിന്മേലില്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ pmcares.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്’ എന്നാണ് വിവരാവകാശ അപേക്ഷക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയിരിക്കുന്ന മറുപടി.
പി.എം കെയര്‍സ് ഫണ്ട് സി.എ.ജി ഓഡിറ്റിംഗിന്റെ പരിധിയില്‍ വരില്ലെന്ന വാര്‍ത്ത കഴിഞ്ഞ മാസം വന്നിരുന്നു. കൊറോണ വൈറസ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ മാര്‍ച്ച് 28നാണ് പി.എം കെയര്‍സ് ഫണ്ട് തുടങ്ങിയത്. പ്രധാനമന്ത്രി അധ്യക്ഷനും മുതിര്‍ന്ന കാബിനറ്റ് അംഗങ്ങള്‍ ട്രസ്റ്റികളുമാണ്. നിലവില്‍ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടുള്ളപ്പോള്‍ പുതിയ ഫണ്ട് രൂപവത്ക്കരിച്ചതിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. പി.എം കെയര്സിലെ പണം കൈകാര്യം ചെയ്യുന്നതില്‍ സുതാര്യതയില്ലെന്നായിരുന്നു പ്രധാന ആരോപണം.