
തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് വൈസ് ചെയര്മാൻ പി.ബിജു (43) അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. കൊവിഡ് മുക്തനായെങ്കിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായത് ഉള്‍പ്പെടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
ഏതാനും ദിവസങ്ങളായി നില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രിയോടെ അതീവ ഗുരുതരാവസ്ഥയില്‍ എത്തുകയും ചെയ്തു. ഇന്നു രാവിലെയാണ് അന്ത്യം. സിപി.എം ജില്ലാ കമ്മിറ്റിയംഗവും എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്നു അദ്ദേഹം.
ഒക്ടോബര്‍ 20ന് ജില്ലാ കമ്മിറ്റി യോഗത്തിന് എത്തിയ പ്രതിനിധികള്‍ക്ക് നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇദ്ദേഹം പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. രോഗമുക്തനായി ആശുപത്രി വിടാനൊരുങ്ങവേയാണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയത്. വൈകാതെ നില വഷളാവുകയായിരുന്നു.