
കോഴിക്കോട്: സത്യത്തോട് അടുക്കുന്തോറും മുഖ്യമന്ത്രിക്ക് പരിഭ്രാന്തിയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അന്വേഷണ ഏജൻസികളെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി ഓടിക്കാൻ ശ്രമിക്കുകയാണ്. മൻമോഹൻ സിംഗാണ് ഡൽഹി ഭരിക്കുന്നത് എന്ന ധാരണയിൽ പിണറായി പിത്തലാട്ടം കാണിക്കാൻ ശ്രമിക്കണ്ട. വിരട്ടലും വിലപേശലും മോദി സർക്കാരിന് മുന്നിൽ ചെലവാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.അന്വേഷണ ഉദ്യോഗസ്ഥരെ പിണറായി വിജയൻ ഭീഷണിപ്പെടുത്തുകയാണ്. കസ്റ്റംസിൽ പാർട്ടി ബ്രാഞ്ചുകളും ഫ്രാക്ഷനുമുണ്ട്. അത്തരം സംഘടനാ നേതാക്കളെ വച്ച് കളളപ്രചാരണം നടത്താൻ പിണറായി ശ്രമിച്ചു. അത് പരാജയപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി പരസ്യമായി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത്. പണ്ടത്തെ പോലെ കായികബലവും ഭീഷണിയും കൊണ്ട് അന്വേഷണത്തെ അട്ടിമറിക്കാൻ നോക്കിയാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.തെളിവുകൾ നശിപ്പിക്കാനാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. വിജിലൻസിനെ ഇറക്കി ഒരു മുഴം മുന്നേ എറിഞ്ഞ് കേസിന്റെ തെളിവുകൾ നശിപ്പിക്കാനാണ് ശ്രമം. ഫയലുകൾ വിജിലൻസ് മുക്കി പ്രതികളെ രക്ഷിക്കാനാണ് വിജിലൻസ് ശ്രമം മൊത്തം നടത്തുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.