
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ ബിജെപിയിൽ ഗ്രൂപ്പ് പോര് രൂക്ഷം. സ്വര്‍ണക്കടത്ത് കേസും ബിനീഷ് കോടിയേരിയുടെ അറസ്റ്റുമുള്‍പ്പെടെ ഇടത് വിരുദ്ധ പ്രചാരണത്തിന് തുടക്കമിടുകയും പരമാവധി വോട്ടുകള്‍ സമാഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് ഗ്രൂപ്പ് പോര് രൂക്ഷമായത്.
ശോഭാ സുരേന്ദ്രനാണ് സംസ്ഥാന അധ്യക്ഷനെതിരെ ആദ്യം രംഗത്തെത്തിയത്. പിന്നാലെ മുതിര്‍ന്ന നേതാവ് പി.എം. വേലായുധനും സുരേന്ദ്രനെതിരേ രംഗത്തെത്തിയിരുന്നു. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ സംസ്ഥാന അധ്യക്ഷനെതിരേ നിലനില്‍ക്കുന്ന അസ്വാരസ്യം മറനീക്കി പുറത്തുവന്നു.
അതേസമയം തെരഞ്ഞെടുപ്പിനെ നിലവിലെ വിവാദങ്ങള്‍ ബാധിക്കാന്‍ പാടില്ലെന്നാണ് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. പരസ്യമായ വിഴുപ്പലക്കലില്‍ യാതൊരുവിധ അഭിപ്രായ പ്രകടനങ്ങളും പാടില്ലെന്നും സംസ്ഥാന നേതാക്കള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.