
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെതിരെ നടക്കുന്ന കുപ്രചരണങ്ങൾ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ മെമ്പർ എസ് രാമചന്ദ്രൻ പിള്ള. കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയുന്ന കാര്യം പരിഗണനയിൽ ഇല്ലെന്നും, ബിനീഷ് കോടിയേരിക്കെതിരായ കേസിന്റെ പേരിൽ കോടിയേരി ബാലകൃഷ്ണനെതിരെ നടക്കുന്ന പ്രചരണങ്ങളെ രാഷ്ട്രീയമായി നേരിടാൻ ആണ് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തീരുമാനമെന്നും എസ് രാമചന്ദ്രൻ പിള്ള വ്യക്തമാക്കി.
അതേസമയം, ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കായി എൻഫോഴ്സ്മെന്റ് സംഘം ബിനീഷ് കോടിയേരിയുടെ വീട്ടിൽ എത്തി. മരുതംകുഴിയിലെ കൂട്ടാംവിളയിലുള്ള ‘കോടിയേരി’ എന്ന വീട്ടിലാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്. കർണാടക പൊലീസും സി ആർ പി എഫും ഇവർക്കൊപ്പമുണ്ട്.