
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ളയാണ് കോടിയേരിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.
കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറുമെന്നും അവധിയെടുക്കുമെന്നുമുള്ള വാർത്തകളെല്ലാം സിപിഎം ഇതിനോടകം തള്ളിക്കളഞ്ഞു. ആരോപണങ്ങൾ രാഷ്ട്രീയമായി ചെറുക്കുമെന്നും പാർട്ടിക്കെതിരായ പ്രചരണങ്ങളെ നേരിടുമെന്നും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.
അതേസമയം ബിനീഷ് കോടിയേരിയുടെ ബെനാമി ഇടപാടുകൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് സംഘം മരുതുംകുഴിയിലുള്ള ബിനീഷിന്റെ വീട്ടിൽ റെയ്ഡ് തുടരുകയാണ്. ബിനീഷുമായി ബന്ധമുള്ളവരുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തുന്നുണ്ട്. കണ്ണൂർ ധർമടത്ത് ബിനീഷിന്റെ സുഹൃത്തിന്റെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയായ ധർമടത്തെ അനസിന്റെ വീട്ടിലാണ് ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്.