റിയാദ്: സൗദി അറേബ്യയിൽ കനത്ത മഞ്ഞു വീഴ്ച്ച. സൗദിയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലാണ് മഞ്ഞുവീഴ്ച രൂക്ഷമായത്. അന്തീരക്ഷത്തിലെ താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നതോടെ ഈ ഭാഗങ്ങളിലെ മലനിരകളും താഴ്വരകളും മഞ്ഞുപുതച്ചു കിടക്കുകയാണ്.
തബൂക്ക് പട്ടണത്തിന് സമീപം ജബൽ അല്ലൗസിലും മറ്റ് ഭാഗങ്ങളിലും വ്യാഴാഴ്ച രാത്രിയാണ് മഞ്ഞുവീഴ്ച തുടങ്ങിയത്. മൈനസ് മൂന്നാണ് ഇവിടുത്തെ താപനില. അല്ലൗസ് മലനിരകളും താഴ്വരകളും ഉൾപ്പെടെ പ്രദേശം മുഴുവൻ മഞ്ഞിൽ പുതഞ്ഞുകിടക്കുകയാണ്.
അതേസമയം മഞ്ഞു പുതഞ്ഞു കിടക്കുന്ന ഈ തണുപ്പൻ കാഴ്ചകൾ ആസ്വദിക്കാൻ നൂറുകണക്കിനാളുകളാണ് ഇവിടങ്ങളിൽ എത്തിച്ചേരുന്നത്.