ചൈനയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ചൈന മൊബൈൽ ഇന്ത്യയിലേക്ക്. ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നതിനായി ടെലികോം സേവനദാതാക്കളായ എയർടെലുമായും വോഡഫോൺ ഐഡിയയുമായും ചൈന മൊബൈൽ ചർച്ച നടത്തിക്കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ചൈന മൊബൈലിന്റെ വരവ് ജിയോക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് സൂചന.
ഇന്ത്യയിലെ 5ജി വിപണി ലക്ഷ്യമിട്ടാണ് ചൈനീസ് കമ്പനിയുടെ വരവ്. ചൈനയിൽ 38 ലക്ഷം 5ജി ഉപഭോക്താക്കളാണ് ചൈന മൊബൈലിനുള്ളത്. 2020ല് ഒരു കോടി ഉപഭോക്താക്കളാണ് അവരുടെ ലക്ഷ്യം. ആകെ ചൈനയിൽ 9.3 കോടി ഉപഭോക്താക്കളാണ് നിലവിൽ ചൈന മൊബൈലിനുള്ളത്.
ഭാരതി എയർടെല്ലിലോ വോഡഫോൺ ഐഡിയയിലോ സഹകരിച്ചാകും ചൈന മൊബൈലിൻ്റെ രംഗപ്രവേശനം. ഓഹരിപങ്കാളിത്തത്തോടൊപ്പം മാതൃകമ്പനികളുടെ മറ്റു കാര്യങ്ങളിലും സ്വാധീനം ചെലുത്താൻ ചൈന മൊബൈലിനു സാധിക്കും.