കൽപ്പറ്റ: സംസ്ഥാന കൃഷി വകുപ്പ് ഫലവർഗങ്ങളുടെ വ്യാപനത്തിനായി ആവിഷ്കരിച്ച ഫ്രൂട്ട് വില്ലേജ് പദ്ധതി കൽപ്പറ്റ ബ്ലോക്ക് പരിധിയിലെ പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി, മുട്ടിൽ, കോട്ടത്തറ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്നു.
പടിഞ്ഞാറത്തറ പഞ്ചായത്തിൽ പാഷൻ ഫ്രൂട്ടും തരിയോട്, കോട്ടത്തറ പഞ്ചായത്തുകളിൽ അവക്കാഡോ അഥവാ വെണ്ണപ്പഴവും വെങ്ങപ്പള്ളി, മുട്ടിൽ, പഞ്ചായത്തുകളിൽ മാംഗോസ്റ്റീനുമാണ് പഴങ്ങളുടെ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആവശ്യമായ തൈകൾ കാർഷിക സർവകലാശാല ഫാമുകളിൽ നിന്നും സൗജന്യ നിരക്കിൽ തെരഞ്ഞെടുക്കപ്പെടുന്ന കർഷകർക്ക് വിതരണം ചെയ്യും.
നല്ല നിലയിൽ കൃഷിയിടമൊരുക്കിയതിനുള്ള ധനസഹായവും അർഹരായ ഗുണഭോക്താക്കൾക്ക് അനുവദിക്കും. പദ്ധതിയിൽ ഉൾപ്പെടുത്തി പഴവർഗകൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന കർഷകർ ജനുവരി ഏഴിനകം അതാത് കൃഷിഭവനുകളിൽ അപേക്ഷ നൽകണം.