കൽപ്പറ്റ: 2020 ഓടെ വയനാട്ടിലെ ആദിവാസി മേഖലയിൽ സമ്പൂർണ നിരക്ഷരതാ നിർമാർജനം ലക്ഷ്യം വെച്ചുകൊണ്ട് സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്ഥാന സാക്ഷരതാ മിഷൻ മുഖേന നടപ്പിലാക്കുന്ന സമ്പൂർണ ആദിവാസി സാക്ഷരതാ പരിപാടി വിജയിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ സാക്ഷരതാ സമിതി യോഗം അഭ്യർത്ഥിച്ചു.
വയനാട്ടിലെ ആദിവാസി മേഖലയിൽ സാക്ഷരതാ നിരക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് സർക്കാർ സമ്പൂർണ ആദിവാസി സാക്ഷരത എന്ന പദ്ധതിയുമായി മുന്നോട്ട് വന്നതെന്നും സമിതി പറഞ്ഞു.
പദ്ധതിക്ക് കീഴിൽ കുടുംബശ്രീയുമായി സഹകരിച്ച് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു പഞ്ചായത്തിൽ 50 വീതം വരുന്ന പഠിതാക്കളെ പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ ക്ലാസുകളിലേക്ക് രജിസ്റ്റർ ചെയ്യിക്കും. ഈ പദ്ധതി സമ എന്ന പേരിലാണ് നടത്തുന്നത്.