കണ്ണൂർ: ഡിസംബർ 20ന് ആരംഭിച്ച ദേശീയ സരസ്മേള നാളെ രാത്രി സമാപിക്കും. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേർന്ന 300 ലേറെ സംഭരകർക്ക് നാളിതുവരെ ഒരു മേളയിൽ നിന്നും ലഭിക്കാത്തത്ര വിറ്റുവരവാണ് സരസ് മേള നൽകിയതെന്ന് സംഘാടകർ അറിയിച്ചു.
സമാപനദിവസമായ നാളെ പ്രത്യേക വിലക്കുറവും നൽകുമെന്ന് ജയിംസ് മാത്യു എംഎൽഎ അറിയിച്ചു. ആദ്യ പത്ത് ദിവസം കൊണ്ട് 7.75 കോടി മറികടന്ന സാഹചര്യത്തിൽ സരസ് അവസാനിക്കുമ്പോഴേക്കും ഒമ്പത് കോടിയിലധികം വിറ്റുവരവ് നേടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദേശീയ സരസിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നേട്ടമായിരിക്കും ഇത്. ഇന്ത്യൻ ഫുഡ് കോർട്ടിൽ മാത്രം പത്തുദിവസത്തിനുള്ളിൽ 75 ലക്ഷത്തിന്റെ വിറ്റുവരവ് നേടാൻ കഴിഞ്ഞു. ഇതും മേള അവസാനിക്കുമ്പോൾ ഒരു കോടി കവിയുമെന്നാണ് പ്രതീക്ഷ. ഈ മേഖലയിലും കഴിഞ്ഞ കുന്നംകുളം സരസിന്റെ 81 ലക്ഷം മറികടന്നു സർവകാല റിക്കാർഡ് വിൽപ്പന നേടും.