തൃക്കരിപ്പൂർ: സംസ്ഥാനത്ത് ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുമ്പോൾ അതിനെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് പേപ്പർ ബാഗ് നിർമാണ യൂണിറ്റുകൾ. കുടുംബശ്രീ യൂണിറ്റുകളും ചെറുകിട സംരംഭങ്ങളുമായി ആയിരത്തോളം പേപ്പർ ബാഗ് നിർമാണ യൂണിറ്റുകളാണ് സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്നത്.
പ്ലാസ്റ്റിക് കാരി ബാഗുകളുടെ അനിയന്ത്രിതമായ പെരുപ്പമാണ് പ്ലാസ്റ്റിക് നിരോധനത്തിന് പ്രധാനമായും കാരണമായത്. ഇവയ്ക്കു പകരമായി എല്ലാ തലങ്ങളിലും ഉപയോഗിക്കാനുതകുന്ന തരത്തിലുള്ള പേപ്പർ ബാഗുകൾ നിർമിച്ചു വിതരണംചെയ്തുവരുന്നുണ്ടെന്നു തൃക്കരിപ്പൂർ തലിച്ചാലത്ത് പ്രവർത്തിക്കുന്ന പേപ്പർ ബാഗ് നിർമാണ യൂണിറ്റ് കോ-ഓർഡിനേറ്റർ സി.പി. ഹരിഗോവിന്ദൻ പറഞ്ഞു.
നാല് രൂപ മുതൽ 12 രൂപ വരെ വിലയുള്ള പേപ്പർ ബാഗുകളാണ് നൽകിവരുന്നത്. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുമ്പോൾ ഖാദി ഗ്രാമവ്യവസായ യൂണിറ്റുകൾ ഉൾപ്പെടെയുള്ള സംരംഭകർക്ക് പ്രത്യാശക്ക് വഴിതുറക്കുകയാണ്.