കാസർഗോഡ്: ജില്ലയിലെ പക്ഷികളുടെ ഏറ്റവും വലിയ സ്വാഭാവിക ആവാസകേന്ദ്രങ്ങളിലൊന്നായ കുമ്പള പഞ്ചായത്തിലെ കിദൂരിൽ പക്ഷിസങ്കേതം സ്ഥാപിക്കുന്നതിന് ഭരണാനുമതി നൽകാൻ കാസർഗോഡ് വികസന പാക്കേജ് ജില്ലാതലസമിതിയുടെ തീരുമാനം.
അനന്തപുരം തടാക ക്ഷേത്രവും ബേള ചർച്ചുമുൾപ്പെടെ നിരവധി ശ്രദ്ധാകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശത്തു പക്ഷിസങ്കേതം കൂടി ഉയർന്നുവരുന്നതോടെ വിനോദസഞ്ചാരമേഖലയിൽ മികച്ച മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.
2.7 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. കുമ്പള പഞ്ചായത്തിൽ ആരിക്കാടിയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന കിദൂരിൽ 170 ഓളം ഇനം പക്ഷികളുടെ സാന്നിധ്യം തിരിച്ചറിയപ്പെട്ടിട്ടുണ്ട്.
പക്ഷിസങ്കേതമായി അംഗീകരിക്കപ്പെടുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പക്ഷിനിരീക്ഷകരുടേയും പ്രകൃതിസ്നേഹികളുടേയും ശ്രദ്ധ ഇങ്ങോട്ടാകർഷിക്കാൻ കഴിയും.
വംശനാശം നേരിടുന്ന ചാരത്തലയന്‍ ബുള്‍ബുള്‍, വെള്ള അരിവാള്‍ കൊക്കന്, കടല്‍ക്കാട, ചേരക്കോഴി, വാള്‍കൊക്കന്‍ എന്നിവയുള്‍പ്പെടെ 38 ഇനം ദേശാടനപ്പക്ഷികളെ ഈ മേഖലയിൽ കണ്ടെത്തിയിട്ടുണ്ട്.