കണ്ണൂർ: രാജ്യത്ത് ചില മതങ്ങളെ പാർശ്വവത്കരിക്കുവാനും മാറ്റിനിർത്തുവാനുമുള്ള ശ്രമങ്ങൾ ആശാവഹമല്ലെന്ന് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല. പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസിന്റെ നേതൃത്വത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന മതസൗഹാർദ പ്രാർഥനാസംഗമത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നത് നല്ല അന്തസുള്ള ഭരണഘടനയാണ്. സമഭാവനയും സ്നേഹവും അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഇന്ത്യയുടെ ഭരണഘടന.
അതിനനുസരിച്ചുള്ള രീതികളും നടപടികളും ബന്ധപ്പെട്ടവർ സ്വീകരിക്കണം. ഭൂരിപക്ഷമുള്ള സർക്കാർ അത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. എല്ലാവരെയും ഒരുമിച്ചു കാണാൻ അഖണ്ഡരാഷ്ട്രത്തിന് ഒരുമടിയും ഉണ്ടാകുകയില്ല. ഏതു മതത്തിൽ വിശ്വസിക്കുന്നവരായാലും അടിസ്ഥാനപരമായി എല്ലാവരും മനുഷ്യരാണെന്നും അദ്ദേഹം പറഞ്ഞു.