തേഞ്ഞിപ്പലം: ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കി മാറ്റാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പൗരത്വ നിയമ ഭേദഗതിയെന്ന് മുൻ എംപി എം.ബി. രാജേഷ്. മനുഷ്യരെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിനെതിരായ രണ്ടാം സ്വാതന്ത്ര്യസമരമാണ് രാജ്യത്തു നടക്കുന്നതെന്നും രാജേഷ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാല ഇ.എം.എസ് ചെയർ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഉണ്ടായത് ജനകീയ മത നിരപേക്ഷ പോരാട്ടത്തിലൂടെയാണ്. അതിനാൽ ഭിന്നിപ്പ് ശ്രമങ്ങളെ ഒറ്റക്കെട്ടായി തടയണം. മതമല്ല രാജ്യത്തെ നിലനിർത്തുന്നത്. മതനിരപേക്ഷത തകർന്ന രാജ്യങ്ങൾ നശിച്ച അനുഭവമേയുള്ളൂ.
വർഗീയതയുടെ വളർച്ചയിൽ രാജ്യത്ത് സ്ത്രീകളും കുട്ടികളും ന്യൂനപക്ഷങ്ങളും ദുരിതം പേറുകയാണെന്നും ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിനു നിയമം എതിരായതു കൊണ്ടാണ് രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാർ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചതെന്നും എം.ബി. രാജേഷ് പറഞ്ഞു.