ഗുരുവായൂർ: കേരള നിയമസഭ ഭേദഗതി ബില്ലിനെതിരെ ഐക്യകണ്ഠേന പ്രമേയം അവതരിപ്പിച്ചതു പ്രശംസനീയമാണെന്നു മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ. ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ ദേവഗൗഡ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.
പൗരത്വ ഭേദഗതി ബിൽ രാജ്യത്ത് ഉത്കണ്ഠ പരത്തിയിരിക്കുകയാണ്. നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും പ്രസ്താവനകൾ രാജ്യത്തെ മതേതരമായ ഐക്യത്തെ തകർക്കും. രാഷ്ട്രീയ കാര്യങ്ങളിൽ ഗവർണർ ഇടപെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നു ദേവഗൗഡ പറഞ്ഞു.
കോട്ടക്കലിൽ ആയുർവേദ ചികിത്സ കഴിഞ്ഞു മടങ്ങുംവഴി ചൊവ്വാഴ്ച വൈകിട്ടാണ് ദേവഗൗഡ ഗുരുവായൂരിലെത്തിയത്.