കേളകം: ബ്ലേഡ് മാഫിയ വീണ്ടും മലയോരത്ത് സജീവമാകുന്നു. സാമ്പത്തിക മുരടിപ്പും ബാങ്ക് ലോൺ കിട്ടാനുള്ള കാലതാമസവും ചെറുകിട ലോൺ ലഭ്യമാകാത്ത സാഹചര്യവുമാണ് ഇത്തരക്കാർക്ക് അനുകൂല സാഹചര്യമാകുന്നത്. 100 രൂപയ്ക്ക് എട്ടു രൂപ വരെ പലിശ ഈടാക്കുന്നവരുണ്ട്. സ്കൂൾ അധ്യാപകരും സർക്കാർ ഉദ്യോഗസ്ഥരും ഇങ്ങനെ പലിശയ്ക്ക് പണം നൽകുന്നുണ്ട്.
ചെറിയ കാലയളവിലേക്ക് എന്ന രീതിയിലാണ് ഇടപാട് നടക്കുന്നത്. ബാങ്ക് ലോൺ തിരിച്ചടവ്, അടിയന്തര ആശുപത്രി ആവശ്യങ്ങൾ, ചെറുകിട വ്യാപാരികൾ തുടങ്ങിയവരാണ് ഇവരുടെ ഇരകൾ.
ആദ്യഗഡു പലിശ വാങ്ങിയതിന് ശേഷമാണ് ഇവർ തുക നല്കുന്നത്. ഈടായി ചെക്ക്, മുദ്രപത്രങ്ങൾ എന്നിവ ഒപ്പിട്ട് വാങ്ങുന്നുണ്ട്. പോലീസിന് ചിലരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം.