കണ്ണൂർ: പ്രധാനമന്ത്രി ഉജ്വല്‍ യോജന വഴി ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട മുന്‍ഗണനാ കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന് നല്‍കണമെന്നാവശ്യം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ദിശാ യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ദിശ ചെയര്മാന് കൂടിയായ കെ.സുധാകരന് എംപി പറഞ്ഞു.
എന്ത് കൊണ്ടാണ് പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയില്ലാത്തതെന്ന് ഓരോ വകുപ്പും വിലയിരുത്തണമെന്നും എന്തെങ്കിലും തടസങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അറിയിക്കണമെന്നും എംപി വ്യക്തമാക്കി.
സര്‍ക്കാരുകള്‍ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ സാധാരണക്കാരിലേക്ക് എത്തുന്നില്ല എന്നുള്ളത് ഗൗരവതരമാണ്. ഗ്രാമപഞ്ചായത്ത് തലങ്ങളിലുള്ള ജനപ്രതിനിധികള്‍ വഴി ഇത്തരം പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കേണ്ടതുണ്ട്. ഇതിനായി പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്ക് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ പദ്ധതികളെക്കുറിച്ച് ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും എംപി നിര്‍ദേശിച്ചു.