കാസർഗോഡ്: ജില്ലയില്‍ ഛര്‍ദി, വയറിളക്ക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.പി. ദിനേശ് കുമാര്‍ അറിയിച്ചു.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ ഉടന്‍തന്നെ ആശുപത്രിയെ സമീപിക്കുക. സ്വയംചികിത്സ അരുത്. ഒആര്‍എസ് പായ്ക്കറ്റുകള്‍, സിങ്ക് ടാബ്ലറ്റ് എന്നിവ ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടികള്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ , കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, മറ്റു സര്‍ക്കാര്‍ ആശുപത്രികളില്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്. വീട്ടില്‍ തയാറാക്കുന്ന ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം തുടങ്ങിയവയെല്ലാം പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാം.
കുടിവെള്ള സ്രോതസുകള്‍ മലിനമാക്കാതിരിക്കുക.കിണര്‍ വെള്ളം ഇടയ്ക്കിടെ ക്ലോറിനേറ്റ് ചെയ്യുക. ടാങ്കറുകളിലും മറ്റും എത്തിക്കുന്ന വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. ഉത്സവ പരിപാടികളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിന് ക്ലോറിനേഷന് ചെയ്തു ശുദ്ധീകരിച്ച വെള്ളവും കുടിക്കുന്നതിന് തിളപ്പിച്ചാറ്റിയ വെള്ളവും മാത്രം ഉപയോഗിക്കുക.