തമ്പാനൂർ: തിരുവനന്തപുരത്ത് കേരളത്തിലെ ആദ്യത്തെ ബഹുനില പോലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. തമ്പാനൂർ പോലീസ് സ്റ്റേഷനുവേണ്ടി നിർമിച്ച നാലുനില മന്ദിരമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നാടിന് സമർപ്പിച്ചത്.
പോലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യത്തിനുളള മുറികൾ, തൊണ്ടിമുതലും ആയുധങ്ങളും സൂക്ഷിക്കാനുളള സൗകര്യം, സമ്മേളന മുറി, സി.ഡി ഫയൽ സ്റ്റോക്ക് റൂം, കുറ്റവാളികളെ ചോദ്യം ചെയ്യാനുളള മുറി തുടങ്ങിയവ പുതിയ മന്ദിരത്തിൽ ഒരുക്കിയിരിക്കുന്നത്. കമ്പ്യുട്ടർ, വൈ ഫൈ, ക്യാമറനിരീക്ഷണ സംവിധാനങ്ങളുമുണ്ട്. രണ്ടരക്കോടി രൂപ ചെലവിൽ ഹാബിറ്റാറ്റ് ആണ് നിർമ്മാണം പൂർത്തിയാക്കിയത്.
ചടങ്ങിൽ വി.എസ്. ശിവകുമാർ എംഎൽഎ, മേയർ കെ.ശ്രീകുമാർ, ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ, മറ്റ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.