കൊടകര: പറപ്പൂക്കര പഞ്ചായത്തിലെ കൊളത്തൂർ പാടശേഖരത്തിലെ 20 ഹെക്ടറോളം വരുന്ന മുണ്ടകൻ കൃഷി ഉണക്ക് ഭീഷണിയിൽ. രണ്ടുദിവസങ്ങൾക്കകം വെള്ളമെത്തിയില്ലെങ്കിൽ കൃഷി ഉണങ്ങിപ്പോകുമെന്ന് ആശങ്കയിലാണ് കർഷകർ.
കൊളത്തൂർ പാടത്തെ കതിരുവന്ന നെൽച്ചെടികളാണ് വെള്ളമില്ലാതെ ഉണക്കുഭീഷണിയായിലായിട്ടുള്ളത്. ഉമ, ശ്രേയസ് എന്നീ വിത്തുകൾ ഉപയോഗിച്ചാണ് കൃഷി. പാടശേഖരത്തിനു സമീപത്തെ തോട്ടിലെ കോണിക്കച്ചിറയിൽ തടഞ്ഞു നിർത്തുന്ന വെള്ളമാണ് കൊളത്തൂർ പാടത്തെ കൃഷിക്ക് ഉപയോഗിക്കുന്നത്.
കൊളത്തൂർ പാടത്തെ കർഷകരുടെ ദുരവസ്ഥ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി രവീന്ദ്രനാഥിന്റേയും ജില്ലാ കളക്ടറുടേയും ശ്രദ്ധയിൽ പെടുത്തി കാത്തിരിക്കുകയാണ് കർഷക സമിതി അംഗങ്ങൾ. നെൽകൃഷി ഉണങ്ങി നശിക്കാതിരിക്കാൻ അധികൃത കേന്ദ്രങ്ങളിൽനിന്ന് അടിയന്തര നടപടി ഉണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.