മുഹമ്മ: വേമ്പനാട് കായൽ സംരക്ഷണ പദ്ധതിയുടെ ഭാഗമായി തണ്ണീർമുക്കത്ത് കക്ക നിക്ഷേപിച്ചു. വേമ്പനാട് കായലിലെ മത്സ്യ കക്ക സമ്പത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
വേമ്പനാട് കായലിൽ വിവിധ ഭാഗങ്ങളിലായി 14 മത്സ്യ സങ്കേതങ്ങളും പതിനാല് കക്ക പുനരുജ്ജീവന സങ്കേതങ്ങളും ഇതിന്റെ ഭാഗമായി നിർമിക്കും. സംരക്ഷണ പദ്ധതിയുടെ ഭാഗമായി അഞ്ചുലക്ഷം കക്ക കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിച്ചു.
മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനൊപ്പം കായലിലെ കറുത്ത കക്കയുടെ ഉത്പ്പാദനം വർധിപ്പിക്കുന്നതിന് സംസ്ഥാന മത്സ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കക്ക സൊസൈറ്റികൾ, ഉൾനാടൻ മത്സ്യതൊഴിലാളികൾ, സഹകരണ സംഘങ്ങൾ, സ്വയംസഹായ സംഘങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എന്നിവയുടെ സംയുകക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.