
കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമമായ അസെൻഡ് കേരള 2020 ൽ ലഭിച്ചത് ഒരു ലക്ഷം കോടിയിൽപരം രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ. സമ്മേളനത്തിൽ മാത്രം 98,708 കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചെന്നു കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിക്ഷേപക സമ്മേളനത്തിൽ 164 നിക്ഷേപ താത്പര്യങ്ങളും വാഗ്ദാനങ്ങളുമാണു ലഭിച്ചത്. വിവിധ സെഷനുകളിലായി കേരള ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ് ലിമിറ്റഡിന്റേതടക്കം ലഭിച്ച 32,008 കോടി രൂപയും അബുദാബി ഇൻവസ്റ്റ്മെന്റ് അഥോറിറ്റി വാഗ്ദാനം ചെയ്ത 66,700 കോടി രൂപയും ചേർന്നാണ് 98,708 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം.