കോട്ടയം: റബർ ആഭ്യന്തരവിലയിൽ നേരിയ കയറ്റം. അന്താരാഷ്ട്രവില ഒരാഴ്ചയ്ക്കുള്ളിൽ കിലോയ്ക്ക് ആറ് രൂപ ഉയർന്നതനുസരിച്ച് ആഭ്യന്തര വില ആർഎസ്എസ് നാല് ഗ്രേഡിന് 134 രൂപയ്ക്കു വരെ ഇന്നലെ വ്യാപാരം നടന്നു.
പശ്ചിമേഷ്യയിലെ പ്രതിസന്ധി, എണ്ണവിലയിലെ കയറ്റം തുടങ്ങിയവയാണു വിദേശ വില കയറാൻ കാരണമായത്. സ്റ്റോക്ക് പരിമിതപ്പെടുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ റബർ വില ഉയരുമെന്നാണ് മാർക്കറ്റ് സൂചന.
വേനൽ കനത്തതോടെ ആഭ്യന്തര ഉത്പാദനം അതിവേഗം കുറയുകയാണ്. ഫീൽഡ് ലാറ്റക്സ് വില 108 രൂപയിൽനിന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ 119 രൂപയായി ഉയർന്നത് ഷീറ്റ് ഉത്പാദനം കുറയാനിടയാക്കി. പുകപ്പുരയിൽ ഷീറ്റ് ഉണക്കി നൽകാൻ കിലോയ്ക്ക് ആറു വരെ കൂലി നൽകണം.