കോൽക്കത്ത: ആരുടെയും പൗരത്വം കവർന്നെടുക്കുന്നതിനു വേണ്ടിയല്ല പൗരത്വ നിയമ ഭേദഗതിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാൾ സന്ദർശനത്തിനിടെ ഹൗറയിലെ ബേലുർ മഠത്തിൽ സംസാരിക്കുകയായിരുന്നു മോദി. നിയമത്തെ സംബന്ധിച്ചു രാഷ്ട്രീയക്കാർ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.
പൗരത്വ നിയമ ഭേദഗതിയെകുറിച്ചു നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. നിരവധി ചെറുപ്പക്കാർ അഭ്യൂഹങ്ങളിൽ വിണുപോയിരിക്കുന്നു. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടത് നമ്മുടെ ആവശ്യമാണ്. പൗരത്വം നൽകുന്നതിനുള്ള പുതിയ നിയമമാണ് ഇത്. ആരുടെയും പൗരത്വം കവർന്നെടുക്കാനല്ല. വിഭജനത്തിനുശേഷം മറ്റു രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്നവരെ സഹായിക്കാനുള്ള നിയമമാണിത്.
രാഷ്ട്രീയക്കാർ ബുദ്ധിയുള്ളവരാണ്. പക്ഷേ, അവർ ഈ നിയമത്തെ മനസിലാക്കാൻ ശ്രമിക്കുന്നില്ല. നിരവധി രാഷ്ട്രീയക്കാർ, പലവിധ രാഷ്ട്രീയ കാരണങ്ങളാൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നു. ഈ അഭ്യൂഹങ്ങൾ തടയാൻ യുവജനങ്ങൾ നടത്തുന്ന ശ്രമങ്ങളിൽ താൻ സന്തോഷവാനാണെന്നും മോദി കൂട്ടിച്ചേർത്തു.