തിരുവനന്തപുരം: സമ്പൂർണ സംസ്ഥാന ബജറ്റ് മാർച്ച് 31നകം പാസാക്കും. ഈ സാമ്പത്തിക വർഷം തന്നെ സമ്പൂർണ ബജറ്റ് പാസാക്കുന്നതിനുള്ള ശുപാർശ ധനവകുപ്പ് സമർപ്പിച്ചു. മന്ത്രിസഭയുടെയും നിയമസഭാ കാര്യോപദേശക സമിതിയുടെയും അനുമതി ലഭിച്ചാൽ മാർച്ച് 31നകം സമ്പൂർണ ബജറ്റ് സംസ്ഥാനത്തു പാസാക്കാനാകും.
ഈ മാസം 31 മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കാനാണു തീരുമാനം. 31നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു നിയമസഭാ സമ്മേളനം തുടങ്ങുന്നത്. ഏഴിനാണു സംസ്ഥാന ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കുക.
തുടർന്നു ബജറ്റിൻ മേലുള്ള മൂന്നു ദിവസത്തെ പൊതുചർച്ച നടക്കും.ഫെബ്രുവരി അവസാന വാരത്തോടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം സമാപിക്കും. തുടർന്ന് ധനാഭ്യർഥനകൾ നിയമസഭാ സബ്ജക്ട് കമ്മിറ്റികൾ പരിഗണിക്കും.
സബ്ജക്ട് കമ്മിറ്റികളുടെ നിർദേശങ്ങളോടെ മാർച്ച് രണ്ടാംവാരത്തോടെ നിയമസഭാ സമ്മേളനത്തിന്റെ രണ്ടാംഘട്ടം തുടങ്ങാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.