ലണ്ടൻ: ശനിയാഴ്ച ടെഹ്റാനിലെ അമിർകബിർ യൂണിവേഴ്സിറ്റിക്കു സമീപം വിദ്യാർഥികൾ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തെന്നാരോപിച്ച് ബ്രിട്ടീഷ് സ്ഥാനപതിയെ അറസ്റ്റ് ചെയ്തു. നടപടിയിൽ ബ്രിട്ടൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ബ്രിട്ടനിലെ ഇറാൻ അംബാസഡറെ വിളിച്ചുവരുത്തിയാണ് പ്രതിഷേധമറിയിച്ചത്. സ്ഥാനപതിയുടെ അറസ്റ്റ് വിയന്ന കരാറിന്റെ കടുത്ത ലംഘനമാണിതെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വക്താവ് പറഞ്ഞു.
യുക്രെയ്ൻ യാത്രാവിമാനം മിസൈൽ പ്രയോഗിച്ചു വീഴ്ത്തിയ ഇറാന്റെ നടപടിക്കെതിരേ വിദ്യാർഥികൾ നടത്തിയ പ്രകടനത്തിൽ ബ്രിട്ടീഷ് സ്ഥാനപതി റോബ് മക്കെയർ പങ്കെടുത്തെന്നാണ് ആരോപണം.
കൊല്ലപ്പെട്ട ബ്രിട്ടിഷുകാർക്ക് ആദരാഞ്ജലി അർപ്പിച്ച് അവിടെ നിന്നു മടങ്ങവേയാണ് റോബിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അദ്ദേഹത്തെ അല്പസമയത്തിനകം വിട്ടയച്ചിരുന്നു.