ശ്രീനഗർ: ജമ്മുകാഷ്മീരിൽ അഞ്ച് മാസങ്ങൾക്കു ശേഷം ഇന്റർനെറ്റ് സംവിധാനം ഭാഗീകമായി പുനസ്ഥാപിച്ചു. എന്നാൽ സാമൂഹികമാധ്യമങ്ങൾക്കുള്ള നിയന്ത്രണം തുടരുമെന്ന് സർക്കാർ അറിയിച്ചു. സർക്കാർ വെബ്സൈറ്റുകൾ, അവശ്യസേവനങ്ങൾക്കായുള്ള സൈറ്റുകൾ ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയവയുടെ നിയന്ത്രണമാണ് പിൻവലിച്ചിരിക്കുന്നത്.
ഇന്റർനെറ്റിന്റെ ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ആവശ്യമായ നടപടി സ്വീകരിക്കാൻ അധികൃതർക്ക് ഉത്തരവാദിത്വമുണ്ടായിരിക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
ആദ്യപടിയായി ശ്രീനഗർ ഉൾപ്പെടെയുള്ള മധ്യ കാഷ്മീരിലാണ് ഇന്റർനെറ്റ് വിലക്ക് നീക്കിയിരിക്കുന്നത്. വടക്കൻ കാഷ്മീരിലെ കുപ്വാര, ബന്ദിപോര, ബാരാമുള്ള എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഇന്റർനെറ്റ് വിലക്ക് നീക്കും. തെക്കൻ കാഷ്മീരിലെ പുൽവാമ, കുൽഗാം, ഷോപ്പിയാൻ എന്നിവിടങ്ങളിൽ രണ്ട് ദിവസത്തിനു ശേഷമാകും വിലക്ക് നീക്കുക.